നിലപാടുമാസിക

പള്ളിപ്പേടിയും പാർട്ടിപ്പേടിയും ഇല്ലാത്ത നിലപാടുകൾ.
അച്ചടിമാസികയിൽ നിന്നു വെബ്ബിലൂടെ ബ്ളോഗിൽ എത്തി നിങ്ങളിലേക്ക്.
നിങ്ങളുടെ പ്രതികരണങ്ങളും ബദലുകളും ക്ഷണിക്കുന്നു.

Friday, June 21, 2013

മഴയുടെ പൂരം

മിഥുനം;
മഴയുടെ
പ്രണയം തോര്‍ന്നോരിടവേള;
വിളറിയ സൂര്യന്‍;

കളിയുമെടുത്തിട്ടതിനുടെ പുറകെ
മടിയാതോടുമൊരണ്ണാന്‍
ചേതം വന്നൊരു വഞ്ചിനിവര്‍ത്താന്‍
ചേറിലിറങ്ങും ചെറുബാല്യം
പാടത്തിന്റെ വരമ്പില്‍ പച്ചനിവര്‍ത്തിയ പുല്ലില്‍
നീളന്‍ നില്പുതുടര്‍ന്നൂ കൊറ്റി-
നിത്യവിശപ്പിന്‍ സാക്ഷ്യം

ചേമ്പില നീര്‍ത്തിയ ചൂടലിനടിയില്‍
തൂവലു ചിക്കിയുണങ്ങി
ചിറകുകുടഞ്ഞു തുവര്‍ത്തിയുടുത്തു
കോഴികള്‍ തേടിയിറങ്ങി

ചെത്തിമ്പൂങ്കുലലക്ഷാര്‍ച്ചന-
യുണ്ടിത്തിരി രതിയും മധുരവുമൂറ്റാ-
നത്രയുമറകള്‍ കയറിയിറങ്ങി
ചിത്രച്ചിറകുകുഴഞ്ഞേവീണു
മത്തുപിടിച്ചു വലഞ്ഞൂ ശലഭം

തീര്‍ന്നിടനേരം;
നേരത്തൊരുമഴ
തീരാവിരഹം പെയ്തുതുടങ്ങി

ഞാനോ....
നീര്‍ത്തുപുതച്ചിങ്ങിവിടെയിരിപ്പൂ
നേര്‍ത്ത വിഷാദ,മൊരാലസ്യത്തില്‍
പേര്‍ത്തുവരുന്നൂ ബാല്യസ്മൃതികള്‍

No comments:

Post a Comment